കുട്ടികളുടെ ചാച്ചാജി: നവംബർ 14 ശിശുദിനം
വീണ്ടുമൊരു ശിശുദിനം കൂടി. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയുടെ ജന്മദിനം രാജ്യമെങ്ങും ആഘോഷിക്കുന്നു. എല്ലാം ആഘോഷങ്ങളാകുന്ന ഇക്കാലത്ത് ആഘോഷങ്ങള്‍ക്കുപോലും വിലയില്ലാതാവുന്നു. മാതാവിനും പിതാവിനും പ്രകൃതിയ്ക്കുമെന്നു വേണ്ട എല്ലാറ്റിനും ദിനാഘോഷങ്ങളുള്ള ഇക്കാലത്ത് കുട്ടികളുടെ പേരില്‍ ഒരു ശിശുദിനം. മറ്റെല്ലാ ആഘോഷങ്ങളുമെന്നപോലെ ഈ ആഘോഷത്തിനും വാഗ്ധോരണികള്‍ക്കും ഒരു ദിവസത്തെ ആയുസ്സ്. കുട്ടികളുടെ അവകാശങ്ങളേക്കുറിച്ചും അവര്‍ക്കു നല്‍കേണ്ട പരിഗണനകളേക്കുറിച്ചും നെടുനെടുങ്കന്‍ പ്രഭാഷണങ്ങള്‍ ഇന്നു നമ്മുടെ അന്തരീക്ഷത്തിലൂടെ പാറിപ്പറക്കും. ഇന്നു പറയുന്ന കാര്യങ്ങളെ ഒരു മജീഷ്യന്റെ കരവിരുതോടെ നാളെ നമ്മള് അപ്രത്യക്ഷമാക്കും.
കുട്ടികളുടെ കുട്ടിത്തത്തെ കവര്‍ന്നെടുക്കുക എന്ന കടുത്ത അപരാധമല്ലേ മുതിര്‍ന്നവര്‍ അവരോടു ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത. സ്വാഭാവികമായ കൂട്ടുകൂടലും നിഷ്കളങ്കമായ സംസാരവും ഇന്നു നമ്മുടെ കുട്ടികളിലുണ്ടോ?ഹോംനേഴ്സിന്റെ സംരക്ഷണത്തില്‍, ഡേ കെയറിന്റെ സുരക്ഷിതത്വത്തില്‍, മൂന്നാം വയസ്സില്‍ തന്നെ കൂച്ചുവിലങ്ങിന്റെ അടയാളങ്ങളണിയിച്ച് അറിയാത്ത ഭാഷയെ പ്രണയിക്കാനായി അവനെ അയക്കുമ്പോള്‍ മല്‍സരാധിഷ്ഠിത ലോകത്തെ ഒരു വിജയിയേയും അതുവഴിയുണ്ടാകുന്ന സാമ്പത്തിക നേട്ടത്തേയുമാണ് നാം സ്വപ്നം കാണുന്നത്. സംശയമുണ്ടെങ്കില്‍ ഇപ്പോള്‍ കലോല്‍സവ കാലമല്ലേ, നൃത്ത വേദികളുടെ പിന്നാമ്പുറത്തേക്കൊന്നു ചെന്നു നോക്കൂ. ആരുടെ മല്‍സരമാണവിടെ നടക്കുന്നതെന്നറിയാം.
No comments:
Post a Comment